തിരുവനന്തപുരം: വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചുകൾക്കിടെ സംഘർഷം. മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജില്‍ അബിൻ വർക്കിയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നിലധികം തവണ ലാത്തി കൊണ്ട് മർദിച്ചെന്നും പരാതിയുണ്ട്. ചില ജില്ലാ ഭാരവാഹികൾക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞു.
പത്തനംതിട്ടയിൽ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷം പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം. തുടർന്ന് വനിതാ പൊലീസ് ഉൾപ്പെടെയെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു.